Ticker

6/recent/ticker-posts

Devasom Board



തിരുവിതാംകൂർ ദേവസ്വം ബോർഡ്



തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന 1248 ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണസംബന്ധമായ മേൽനോട്ടം നിർവ്വഹിക്കുന്ന സ്ഥാപനമാണിത്.
തിരുവനന്തപുരത്ത് നന്ദൻകോട്ടാണ് ഇതിന്റെ ആസ്ഥാനം.
ശബരിമല ധർമ്മശാസ്താക്ഷേത്രം, വൈക്കം, ഏറ്റുമാനൂർ മഹാദേവക്ഷേത്രങ്ങൾ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവാറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുടങ്ങി നിരവധി മഹാക്ഷേത്രങ്ങൾ ഈ സ്ഥാപനത്തിന്റെ കീഴിലുണ്ട്.

കേരളത്തിലെ ഹിന്ദു ദേവാലയങ്ങൾക്കും അവയുടെ ഭരണക്രമത്തിനും പൊതുവായി നല്കിയിരിക്കുന്ന നാമമാണ് ദേവസ്വം എന്നത്. ദേവന്റെ സ്വത്ത് എന്ന അർഥത്തിലാണ് 'ദേവസ്വം' എന്ന പ്രയോഗം പ്രചാരത്തിലുള്ളത്. കേരളസംസ്ഥാനം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്ന രീതിയിൽ പ്രത്യേകമായി നിലനിന്ന കാലഘട്ടം മുതൽ ക്ഷേത്രത്തെയും ക്ഷേത്ര ഭരണസംവിധാനത്തെയും സൂചിപ്പിക്കാനായി 'ദേവസ്വം' എന്ന സംജ്ഞ നിലവിലിരുന്നു.
അതിപ്രാചീനകാലം മുതൽ കേരളത്തിൽ ഹൈന്ദവ ജനതയുടെ ദിനചര്യയിൽ ക്ഷേത്രദർശനത്തിന് പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. മലയാളനാട്ടിലെ ഏറ്റവും പഴക്കമുള്ള പൊതു ട്രസ്റ്റ് ക്ഷേത്രങ്ങളുൾക്കൊള്ളുന്ന ധർമസ്ഥാപനങ്ങളാണ്. ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ദേവസ്വത്തിന് വളരെ സ്വാധീനമുണ്ടായിരുന്നു. നാട്ടിൽ പ്രധാനികളും പ്രാതിനിധ്യസ്വഭാവമുള്ളവരുമായ ഊരാളരായിരുന്നു ആദ്യകാല ക്ഷേത്രങ്ങളിലെ ഭരണകർത്താക്കൾ. എന്നാൽ ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതും അവയുടെ നിലനില്പിനായി ധനവും വസ്തുവകകളും നിക്ഷേപിച്ചതും പൊതുജനങ്ങളായിരുന്നു. രാജാക്കന്മാരും പ്രഭുക്കളും ജന്മികളും വിപുലമായ തോതിൽ ഈ ട്രസ്റ്റുകൾക്ക് ധനസഹായം നല്കുകയും ഇവയെ ഭയഭക്തിബഹുമാനപുരസ്സരം സംരക്ഷിക്കുകയും ചെയ്തുവന്നു. കാലമേറെ കഴിഞ്ഞപ്പോൾ ദേവസ്വത്തിന് സമ്പത്ത് കുമിഞ്ഞുകൂടി. ക്രമേണ ഊരാളർ ഭരണാധിപന്മാർക്കുപോലും ഇടപെടാനാകാത്ത തരത്തിലുള്ള ഭരണവ്യവസ്ഥകളും നിയമാവലികളും ദേവസ്വത്തിന് ഉണ്ടാക്കുകയും മറ്റും ചെയ്തു. കാലക്രമത്തിൽ ധനദുർവിനിയോഗത്തിനും ദുർഭരണത്തിനും ഇതു വഴിതെളിക്കുകയുണ്ടായി. അങ്ങനെ വന്നപ്പോൾ ദേവസ്വത്തിനു കല്പിക്കപ്പെട്ടിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുകയും രാജ്യത്തിന്റെ മേൽക്കോയ്മാധികാരമുപയോഗിച്ച് രാജാക്കന്മാർ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ചെയ്തു.
തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം ഗവണ്മെന്റ് ഏറ്റെടുത്തത് 1811-ൽ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലഘട്ടത്തിൽ (1810-15) ആയിരുന്നു.
കേണൽ മൺറോ ആയിരുന്നു മഹാറാണിയുടെ ഉപദേഷ്ടാവ്.
1897-ൽ പുതിയ ദേവസ്വം വകുപ്പ് ഉണ്ടാവുകയും 1907-ൽ അതു പുനഃസംഘടിപ്പിച്ച് നിയമാവലി പുതുക്കി ലാൻഡ് റവന്യൂവിനെ പണപ്പിരിവിനുള്ള ചുമതല ഏല്പിക്കുകയുമാണ് ചെയ്തത്.
1906-ൽ 'ദേവസ്വം സെറ്റിൽമെന്റ്' വിളംബരം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ദേവസ്വത്തിന്റെ കാണക്കുടിയാന്മാരുമായുള്ള ബന്ധങ്ങൾ നിയന്ത്രിക്കപ്പെട്ടു.
മൂലം തിരുനാൾ രാമവർമ മഹാരാജാവ് ദേവസ്വം ഭരണം റവന്യൂവകുപ്പിൽനിന്നു മാറ്റി പ്രത്യേക വകുപ്പ് ആയി 1922 ഏ. 12-ന് 'ദേവസ്വം വിളംബരം' നടത്തി. അടുത്ത കൊല്ലവർഷം (1098) ആരംഭം മുതൽ ദേവസ്വം വകുപ്പ് ഒരു കമ്മിഷണറുടെ ചുമതലയിലാക്കി പുനഃസംഘടിപ്പിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തിലെ ആകെ ഭൂനികുതിവരുമാനത്തിന്റെ 40% -ൽ കുറയാത്ത തുക 'ദേവസ്വം ഫണ്ട്' എന്ന പേരിൽ നീക്കിവയ്ക്കാനും വ്യവസ്ഥയുണ്ടായി. 1946-ഓടുകൂടി ദേവസ്വങ്ങൾക്ക് സർക്കാർ നല്കേണ്ട പ്രതിവർഷ വിഹിതം 25 ലക്ഷം രൂപയായി നിജപ്പെടുത്തി.
തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുൾ പ്പെട്ട ക്ഷേത്രങ്ങളുടെ വരുമാനം അടിസ്ഥാനമാക്കി അവയ്ക്ക് മേജർ, മൈനർ, പെറ്റി പദവികൾ നല്കപ്പെട്ടു. പ്രതിവർഷം 1000 രൂപയ്ക്കു മുകളിൽ വരുമാനം ലഭിക്കുന്നവ മേജർ ദേവസ്വവും 1000-നും 100-നുമിടയിൽ വരുമാനമുള്ളവ മൈനർ ദേവസ്വവും 100 രൂപയിൽ കുറവു വരുന്നവ പെറ്റിദേവസ്വവും എന്നായിരുന്നു വിഭജന രീതി. ഇവകൂടാതെ പി.ഡി. ദേവസ്വം എന്നൊരു വിഭാഗവും നിലവിലിരുന്നു. പെഴ്സണൽ ഡിപ്പോസിറ്റുള്ള ദേവസ്വങ്ങൾക്കാണ് പി.ഡി. ദേവസ്വം എന്ന പേരുണ്ടായിരുന്നത്.
ദേവസ്വം വകുപ്പിന്റെ കീഴിൽ ഒരു പ്രത്യേക മരാമത്തുവകുപ്പും ശാന്തിസ്കൂളുകളും നടത്തപ്പെട്ടിരുന്നു. തിരുവനന്തപുരം സംസ്കൃത കോളജിലെ വേദവിഭാഗവും തൃപ്പൂണിത്തുറ, മങ്കൊമ്പ് എന്നിവിടങ്ങളിലെ വേദപാഠശാലകളും ദേവസ്വത്തിന്റെ ഭരണനിയന്ത്രണത്തിലായിരുന്നു.
1947-നുശേഷം ദേവസ്വം ഭരണസമ്പ്രദായത്തിൽ വീണ്ടും ചില മാറ്റങ്ങൾ ഉണ്ടായി. ജനപ്രതിനിധികൾ അധികാരമേറ്റപ്പോൾ ഗവണ്മെന്റ്ചുമതലയിൽനിന്നു ദേവസ്വം സ്വതന്ത്രമാവുകയും 1948 മാ. 23-ലെ വിളംബരപ്രകാരം ക്ഷേത്രങ്ങൾ വീണ്ടും രാജഭരണത്തിൻകീഴിലാവുകയും ചെയ്തു. ദേവസ്വം ജോലിക്കാർ സർക്കാർ ജീവനക്കാരല്ലാതായി. ദേവസ്വം ഭരണം സർക്കാരിൽനിന്നു മാറിയതിനെ തുടർന്നുണ്ടായ ഒരു ഓർഡിനൻസ് മുഖേന 1949-ൽ രൂപവത്കൃതമായ ആദ്യ ദേവസ്വം ബോർഡ് അധ്യക്ഷൻ മന്നത്തു പദ്മനാഭൻ ആയിരുന്നു.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള വിഹിതവും പണ്ടാരവകയ്ക്കു നല്കേണ്ട ഒരു ലക്ഷം രൂപയും ഉൾപ്പെടെ ദേവസ്വം ഫണ്ടിലേക്ക് സർക്കാർ നല്കേണ്ട തുക 51 ലക്ഷം രൂപയായി ഉയർന്നു. ഈ ഫണ്ടിൽ നിന്നാണ് ഉദ്യോഗസ്ഥർക്കുള്ള ശമ്പളം ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകളും നിർവഹിക്കേണ്ടിയിരുന്നത്.
തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ലയനം 1949 ജൂല.-യിൽ നടന്നതിനെത്തുടർന്ന് ഇരു രാജ്യങ്ങളിലെയും രാജാക്കന്മാരും കേന്ദ്രസർക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിപ്രകാരം തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വങ്ങളുടെ ഭരണം മൂന്ന് അംഗങ്ങൾവീതം ഉൾപ്പെട്ട ഓരോ ബോർഡിന്റെ അധികാരപരിധിക്കുള്ളിലായി. ഈ മൂന്ന് അംഗങ്ങളിൽ ഓരോരുത്തരെയും യഥാക്രമം ഹിന്ദു മന്ത്രിമാർ, ഹിന്ദു നിയമസഭാംഗങ്ങൾ, മഹാരാജാവ് എന്നിവരാണ് നോമിനേറ്റ് ചെയ്തിരുന്നത്. 1949-ലെ നാലാം വിളംബരം, ഒമ്പതാം വിളംബരം, 1950-ലെ ഒന്നാം വിളംബരം എന്നിവയനുസരിച്ച് ഈ വ്യവസ്ഥകൾക്ക് നിയമസാധുതയും നല്കി. തുടർന്ന് 1950-ലെ ഹിന്ദുമതസ്ഥാപന നിയമം (Hindu Religious Institution Act XV of 1950) നിയമസഭ പാസ്സാക്കിക്കൊണ്ട് തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് ബാധകമാക്കി ഉത്തരവു പുറപ്പെടുവിക്കുകയുമുണ്ടായി. ഇങ്ങനെ രൂപവത്കൃതമായ ബോർഡിന്റെ ആദ്യ അധ്യക്ഷൻ പി.ജി.എൻ. ഉണ്ണിത്താൻ ആയിരുന്നു.
ഭാഷാടിസ്ഥാനത്തിലുള്ള ഭാരതീയ സംസ്ഥാനങ്ങളുടെ പുനഃസംഘടന 1956-ൽ പ്രാബല്യത്തിൽ വന്നതോടുകൂടി ദേവസ്വം ബോർഡുകളുടെ ഭരണാധികാരങ്ങൾക്കും ചില വ്യതിയാനങ്ങൾ ഉണ്ടായി. തിരുവിതാംകൂർ ദേവസ്വത്തിലുൾപ്പെട്ട ചില പ്രദേശങ്ങൾ (450-ഓളം ക്ഷേത്രങ്ങൾ) തമിഴ്നാടിന്റെ ഭാഗമായി മാറുകയും ഇവ മദ്രാസിലെ 'ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപ്പാർട്ട്മെന്റ്' കമ്മിഷണറുടെ അധികാരപരിധിയിലാവുകയും ചെയ്തു.
ബോർഡിലെ ഒരംഗത്തിന്റെ കാലാവധി രണ്ടു വർഷമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബോർഡ് മെംബർ ആകുന്നതിന് തിരുവിതാംകൂർ പൗരനും ഹിന്ദുമതവിശ്വാസിയും അനുദ്യോഗസ്ഥനും ആയിരിക്കണം. ബോർഡിലെ ഏതൊരു കുത്തക ഏർപ്പാടുകളുമായി സഹകരിക്കുന്നവരും മെംബർ ആകാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ബോർഡ് മെംബർമാരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം കമ്മിഷണർ തുടങ്ങിയ ഭരണാധികാരികളും ഉണ്ട്. ബോർഡ് തീരുമാനങ്ങൾ നടപ്പിൽ വരുത്തുക, ബോർഡ് മീറ്റിങ്ങിന്റെ അജൻഡ തയ്യാറാക്കുക, ബോർഡ് ഓഫീസിലെ ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കുക മുതലായവയാണ് സെക്രട്ടറിയുടെ ഭരണച്ചുമതല. ഡിപ്പാർട്ട്മെന്റിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് ദേവസ്വം കമ്മിഷണർ.
ഭരണസൗകര്യം പ്രമാണിച്ച് ദേവസ്വം ഡിപ്പാർട്ട്മെന്റ് 4 ദേവസ്വം ഡിസ്ട്രിക്റ്റുകളായും ശബരിമല ഗ്രൂപ്പ് ഒഴികെ 20 ഗ്രൂപ്പുകളായും തരംതിരിച്ചിട്ടുണ്ട്. തിരുവനന്തപുരം, അമ്പലപ്പുഴ (ഹെഡ്ക്വാർ ട്ടേഴ്സ്-ഹരിപ്പാട്), പത്തനംതിട്ട ,വൈക്കം എന്നിവയാണ് 4 ദേവസ്വം ഡിസ്ട്രിക്റ്റുകൾ. 20 ഗ്രൂപ്പുകൾ നെയ്യാറ്റിൻകര, തിരുവനന്തപുരം, ഉള്ളൂർ, വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്,കരുനാഗപ്പള്ളി, ആറന്മുള, തിരുവല്ല,മുണ്ടക്കയം, ചങ്ങനാശ്ശേരി, തൃക്കാരിയൂർ, പറവൂർ, വൈക്കം, കോട്ടയം, ഏറ്റുമാനൂർ എന്നിവയാണ്.
ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 'ശബരിമല ഗ്രൂപ്പ്' എന്ന പ്രത്യേക ഗ്രൂപ്പ് രൂപവത്കൃതമായി. ശബരിമല ദേവസ്വത്തിന്റെ ഭരണം എക്സിക്യൂട്ടിവ് ഓഫീസറാണ് നടത്തുന്നത്. ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോൾ പത്തനംതിട്ടയിലാണ് . ഈ ഓഫീസ് മാസപൂജക്കാലത്തും മണ്ഡല, മകരവിളക്കുസമയങ്ങളിലും ശബരമലയിൽ താത്കാലികമായി പ്രവർത്തിക്കാറുണ്ട്. ഡിസ്ട്രിക്റ്റുകളുടെ ഭരണാധികാരി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാരും ഗ്രൂപ്പ് ഭരണാധികാരികൾ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർമാരുമാണ്. ഇവരുടെ കീഴിൽ സബ് ഗ്രൂപ്പ് ഓഫീസർമാരും , അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, മിനിസ്റ്റീരിയൽ വിഭാഗം എന്നിവരും ഭരണകാര്യത്തിൽ സഹായികളായി ഉണ്ട്.

നിലവിലുള്ള ബോർഡ്

പ്രസിഡൻറ്
എ . പദ്മകുമാർ

അംഗങ്ങൾ
കെ. രാഘവൻ
കെ.പി ശങ്കരദാസ്

കമ്മീഷണർ
എൻ. വാസു

സെക്രട്ടറി
എസ്. ജയശ്രീ

തിരുവനന്തപുരം ആസ്ഥാനമായി ഭരണം നടത്തിവന്നിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളുടെ ഭരണത്തിനു പുറമേ വിദ്യാഭ്യാസ-സാംസ്കാരിക മണ്ഡലങ്ങളിലും വിപുലമായ തോതിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാല;
ശാസ്താംകോട്ട, തലയോലപ്പറമ്പ്, പരുമല എന്നിവിടങ്ങളിൽ സ്ഥാപിതമായ ദേവസ്വം ബോർഡ് കോളജുകൾ;
ഒട്ടേറെ ഹൈസ്കൂളുകൾ;
ഹരിജനക്ഷേമോദ്ധാരണത്തിനായുള്ള സ്ഥാപനങ്ങൾ;
ദേവസ്വം ഹിന്ദു ഹോസ്റ്റൽ;
കുടിൽവ്യവസായ സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ സംരംഭങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലുണ്ട്. ക്ഷേത്രകലകളുടെ സംരക്ഷണവും വികസനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും ബോർഡ് സംഘടിപ്പിക്കുന്നുണ്ട്. .


കൊച്ചിൻ ദേവസ്വം ബോർഡ്



ചുരുക്കപ്പേര്        : CDB
രൂപീകരണം        : 1949 ജൂലൈ 1
ലക്ഷ്യം                 : മതം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനം
ആസ്ഥാനം         : തൃശ്ശൂർ, കേരളം
പ്രസിഡന്റ്          : എം.കെ. സുദർശൻ

മധ്യകേരളത്തിൽ എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ മേൽനോട്ടത്തിനായി കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഒരു ട്രസ്റ്റാണ് കൊച്ചിൻ ദേവസ്വം ബോർഡ്. തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.  പഴയ കൊച്ചി നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന 405 ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണസംബന്ധമായ മേൽനോട്ടമാണ് ഇത് നിർവ്വഹിക്കുന്നത്. തൃശ്ശൂർ നഗരത്തിലാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതിക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം തുടങ്ങി നിരവധി പ്രസിദ്ധ മഹാക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുണ്ട്.

1949 ജൂലൈ 1-ന് തൃശ്ശൂർ നഗരത്തിലാണ് കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായത്. 1950-ലെ ട്രാവൻകൂർ - കൊച്ചി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് അനുസരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഹിന്ദുമതത്തിൽ നിന്നുള്ള മൂന്നുപേർ ഉൾപ്പെടുന്ന ഒരു മാനേജിംഗ് കമ്മിറ്റിയാണ് ഇതിനെ നിയന്ത്രിക്കുന്നത്. സ്ത്രീകൾ ഉൾപ്പടെ 35 വയസ് പൂർത്തിയായ കേരളീയരായ ഏതൊരു ഹിന്ദുമതവിശ്വാസിയ്ക്കും ബോർഡിൽ അംഗമാകുന്നതിന് നിയമം അനുവദിക്കുന്നുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലേതുപോലെ ഒരു പ്രസിഡന്റും രണ്ട് അംഗങ്ങളുമടങ്ങുന്നതാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ഘടന. പ്രസിഡന്റിനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുയന്നത് കേരള നിയമസഭയിലെഹൈന്ദവ അംഗങ്ങൾ ചേർന്നാണ്. ഇതുകൂടാതെ ദേവസ്വം സെക്രട്ടറി, സ്പെഷ്യൽ കമ്മീഷണർ, ബോർഡ് സെക്രട്ടറി എന്നീ പദവികളുമുണ്ട്. ഇവർ സർക്കാർ പ്രതിനിധികളാണ്. ഡോ. എം.കെ. സുദർശനാണ് ഇപ്പോഴത്തെ പ്രസിഡന്റ്.
കൊച്ചി ദേവസ്വം ബോർഡിന്റെ അധികാരപരിധിക്കുള്ളിൽ 406 ക്ഷേത്രങ്ങളും തൃശ്ശൂർ നടുവിൽ മഠം, കേരളവർമ്മ കോളജ്, വിവേകാനന്ദ കോളേജ് തുടങ്ങിയ മറ്റു ചില വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുമുണ്ട്. ഇവയുടെ മേൽനോട്ടവും ബോർഡാണ് നടത്തുന്നത്.


മലബാർ ദേവസ്വം ബോർഡ്


ആസ്ഥാനം         : കോഴിക്കോട്,
രൂപീകരണം      : 2008 ഒക്ടോബർ 1
പ്രസിഡന്റ്         : ഒ.കെ. വാസു

മധ്യകേരളത്തിലും ഉത്തരകേരളത്തിലുമായി കിടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ കാര്യങ്ങൾ നോക്കിനടത്താനായി കേരള സർക്കാർ നിയോഗിയ്ക്കുന്ന ഒരു ട്രസ്റ്റാണ് മലബാർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളുടെ മാതൃകയിൽ ഒരു ദേവസ്വം ബോർഡ് മലബാർ മേഖലയ്ക്കും വേണമെന്ന ആവശ്യത്തെത്തുടർന്ന് 2008-ലാണ് മലബാർ ദേവസ്വം ബോർഡ് രൂപവത്കരിയ്ക്കപ്പെട്ടത്. അതിനുമുമ്പ്, ഇതിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ ഹിന്ദുമതസാംസ്കാരികകേന്ദ്രം (എച്ച്.ആർ.&സി.ഇ. - ഹിന്ദു റിലീജ്യസ് & കൾച്ചറൽ എന്റർപ്രൈസ്) എന്ന സംഘടനയുടെ കീഴിലായിരുന്നു. കോഴിക്കോട് നഗരത്തിലാണ് ബോർഡിന്റെ ആസ്ഥാനം. 1340 ക്ഷേത്രങ്ങളാണ് നിലവിൽ മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ളത്.
കേരളത്തിലെ ഏറ്റവും വലിയ ദേവസ്വം ബോർഡാണിത്. കാടാമ്പുഴ ഭഗവതിക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തൃപ്രങ്ങോട്ട് ശിവക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, കോഴിക്കോട് തളി മഹാദേവക്ഷേത്രം, മമ്മിയൂർ മഹാദേവക്ഷേത്രം, കല്ലേക്കുളങ്ങര ഹേമാംബികാദേവീക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് തുടങ്ങി നിരവധി പ്രസിദ്ധ മഹാക്ഷേത്രങ്ങൾ ബോർഡിന് കീഴിലുണ്ട്.

Post a Comment

0 Comments