ആഴ്‌വാര്‍ തിരുനഗരി എന്ന ആദി ക്ഷേത്രം
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി നഗരത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന ഒമ്പതു വിഷ്ണുക്ഷേത്രങ്ങള്‍ നവതിരുപ്പതികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ്.
ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ ചെയ്താല്‍ ഗ്രഹദോഷങ്ങള്‍ ഇല്ലാതാകുമെന്നും സമ്പത്തും സന്തോഷവും ജ്ഞാനവും കൈവരുമെന്നുമാണ് വിശ്വാസം.
നവ ഗ്രങ്ങളില്‍ ഓരോ ഗ്രഹത്തിന്റെയും സ്ഥാനമാണ് ഇവയില്‍ ഓരോ ക്ഷേത്രത്തിനും.
നവതിരുപ്പതികളില്‍ ഒമ്പതാമത്തെ തിരുപ്പതിയാണ് ആഴ്‌വാര്‍ തിരുനഗരി ക്ഷേത്രം.
നൂറ്റിയെട്ട് ദിവ്യദേശങ്ങളില്‍പെട്ട ഈ ക്ഷേത്രങ്ങള്‍ ഒമ്പതും തിരുച്ചെന്തൂര്‍-തിരുനെല്‍വേലി റൂട്ടില്‍, താമ്രപര്‍ണീ നദീതീരത്താണ്.
ഭൂമിയില്‍ വിഷ്ണുവിനായി നിര്‍മിക്കപ്പെട്ട ആദ്യക്ഷേത്രമായതുകൊണ്ട് (ഭൂമിയിലെ വിഷ്ണുക്ഷേത്രങ്ങളില്‍ ശ്രീമന്നാരായണന്‍ അവതരിച്ച ആദ്യ സ്ഥലം) ഇവിടം ആദിക്ഷേത്രം എന്നും മൂര്‍ത്തി ആദിനാഥന്‍ എന്നും അറിയപ്പെടുന്നു. സ്വയംഭൂവത്രെ ഭഗവാന്‍. കൈയില്‍ പ്രയോഗചക്രവുമായി നില്‍ക്കുന്ന നിലയിലാണ്.
ദേവി ആദിനാഥവല്ലിയെയും കുറുഗുവല്ലിതായാരെയും വെവ്വേറെ സന്നിധികളില്‍ കാണാം.
കണ്ണാടി മണ്ഡപത്തില്‍ സംഗീതം ഉതിര്‍ക്കുന്ന തൂണുകളുണ്ട്. നാദസ്വരത്തിന്റെ ഒരു മാതൃകയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ശ്രീവരാഹമൂര്‍ത്തി പ്രളയകാലത്ത് ഭൂമിയെ മോചിപ്പിച്ച സ്ഥലമായതുകൊണ്ട് വരാഹക്ഷേത്രമെന്നും ആദിശേഷന്‍ പുളിമരമായി നില്‍ക്കെ പുളിമരത്തിനു ചുറ്റും നമ്മാഴ്‌വാരായി രൂപമെടുത്ത ഭഗവാന്‍ തപസ്സനുഷ്ഠിച്ചതിനാല്‍ ശേഷക്ഷേത്രമെന്നും ക്ഷേത്രത്തിന് പേരുണ്ട്
ക്ഷേത്രാങ്കണത്തില്‍ കാണുന്ന ആയിരത്താണ്ടുകള്‍ പഴക്കമുള്ള പുളിമരത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ പുളിമരത്തിന്റെ ഇലകള്‍ ഒരിക്കലും കൂമ്പുന്നില്ല. പുളിമരത്തിന്റെ രൂപമെടുത്ത ലക്ഷ്മണന്‍ നമ്മാഴ്‌വാരെ കാത്തുനില്‍ക്കുകയാണ്, ഒരിക്കലും കണ്ണടയ്ക്കുന്നില്ല (കൂമ്പുന്നില്ല) എന്നത്രെ പറയുന്നത്.
തമിഴ്മാസമായ വൈകാശിയിലെ (മെയ്-ജൂണ്‍) ഗരുഡസേവ ഉത്സവം വളരെ വിപുലമായി ആഘോഷിക്കുന്നു. നവതിരുപ്പതികളില്‍പ്പെട്ട എല്ലാ ക്ഷേത്രങ്ങളില്‍നിന്നും എഴുന്നള്ളത്തു വിഗ്രഹങ്ങള്‍ ഇവിടെ എത്തുന്നു എന്നതും പ്രത്യേകതയാണ്. നമ്മാള്‍വാരും വിഗ്രഹവും അന്നവാഹനത്തില്‍ ഇവിടെ എഴുന്നള്ളിച്ചുകൊണ്ടുവന്ന് അദ്ദേഹം രചിച്ച സ്തുതിഗീതങ്ങള്‍ ആലപിക്കുന്ന പതിവുമുണ്ട്. ഓരോ ക്ഷേത്രത്തിനു മുന്‍പില്‍ എത്തുമ്പോഴും അതതു ദേവന്മാരെ പ്രകീര്‍ത്തിക്കുന്ന സ്തുതികളാണ് ചൊല്ലിപ്പോരുന്നത്.
നാഗര്‍കോവിലില്‍ നിന്ന് നാങ്കുനേരി വഴി തിരുനെല്‍വേലിക്ക് പോകുമ്പോള്‍ നാങ്കുനേരിക്കും തിരുനെല്‍വേലിക്കും ഇടയിലാണ് ആള്‍വാര്‍ തിരുനഗരി. തൂത്തുക്കുടി ജില്ലയിലാണിത്, തിരുനെല്‍വേലിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ താമ്രപര്‍ണ്ണീ നദീതീരത്ത്.
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം
കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്ക് അടുത്തുള്ള ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രം.
മരം കൊണ്ടുള്ള വിഗ്രഹമാണിവിടെ. അതുകൊണ്ട് തന്നെ ചാന്താട്ടം ഇവിടത്തെ പ്രധാന ചടങ്ങാണ്.
തേക്കിന്റെ തടിയില്‍ നിന്നെടുക്കുന്ന ദ്രാവകം ഒന്‍പത് കുടങ്ങളിലാക്കി പൂജിച്ച് ഉച്ച പൂജയ്ക്ക് ദാരുവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതാണ് ചാന്താട്ടം.
ശിലാ വിഗ്രഹങ്ങള്‍ നിലനില്‍ക്കാന്‍ എണ്ണ കൊണ്ട് അഭിഷേകവും ദാരു വിഗ്രഹങ്ങള്‍ കേടുകൂടാകാതിരിക്കാന്‍ ചാന്താട്ടവും നടത്തുക പതിവാണ്.
ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന വിഗ്രഹം. കിഴക്കോട്ടാണ് ദര്‍ശനം. ദിവസേന മൂന്നു നേരം പൂജ. പ്‌ളാക്കുടി തന്ത്രമാണ് ആചരിക്കുന്നത്.
ബാലകന്‍, ഗണപതി, യക്ഷി, മൂര്‍ത്തി, നാഗരാജാവ് എന്നിവയാണ് ഉപദേവതമാര്‍.
എല്ലാ മതക്കാര്‍ക്കും ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശനം ഉണ്ടെന്നതാണ് ഒരു പ്രധാന പ്രത്യേകത. കുംഭമാസത്തിലെ ഭരണി നാളിലാണ് പ്രധാന ആഘോഷം. അന്ന് നാനാജാതി മതസ്ഥരായ ആളുകള്‍ ഭേദവിചാരങ്ങളില്ലാതെ ക്ഷേത്രത്തില്‍ നിന്ന് കഞ്ഞിയും പുഴുക്കും കഴിക്കാറുണ്ട്.
കുതിരമൂട്ടില്‍ കഞ്ഞി സദ്യ എന്നാണ് ഇതിനു പറയാറ്.
ഇത് ഒരു ബുദ്ധ ക്ഷേത്രമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ക്ഷേത്രത്തെ വിശ്വപ്രസിദ്ധമക്കിയ കെട്ടുകാഴ്ച ബൗദ്ധ ഉത്സവത്തിന്റെ തുടര്‍ച്ചയാവാം എന്നാണ് കരുതുന്നത്.
ക്ഷേത്രത്തിനു മുന്നില്‍ 13 തട്ടുള്ള ആല്‍ വിളക്കുണ്ട്. 1001 തിരികള്‍ കത്തിക്കാനുള്ള ഈ വിളക്കിന്റെ തട്ടുകള്‍ പതിമൂന്നു കരകളെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിന്റെ വാതിലുകളിലും ക്ഷേത്രത്തിന്റെ ചുവരുകളിലും മനോഹരമായ ശില്‍പ്പങ്ങളുണ്ട്.
ചാന്താട്ടവും കുത്തിയോട്ടവുമാണ് പ്രധാന വഴിപാടുകള്‍.
വൃശ്ഛിക ഭരണിക്ക് വിഗ്രഹം കൈവെള്ളയില്‍ ഏന്തിയാണ് എഴുന്നള്ളത്ത്.
എന്നാല്‍ ധനുമാസം മുതല്‍ മീനത്തിലെ അശ്വതി വരെ തോളില്‍ ഏറ്റി നടക്കാവുന്ന ജീവതയില്‍ ആണ് വിഗ്രഹം എഴുന്നള്ളിക്കുക.
കുംഭ ഭരണി നാളില്‍ പത്ത് വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ പങ്കെടുക്കുന്ന കുത്തിയോട്ടം നടക്കും.
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം
കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ പഞ്ചായത്തിലാണ് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം. ശ്രീകൃഷ്ണനും ഗണപതിയും ഒന്നിച്ചു വാഴുന്നുവെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച മഹാക്ഷേത്രമാണിത്. മഹാഗണപതി തന്റെ മടിയിലിരുത്തി അമ്പാടിക്കണ്ണനെ താലോലിക്കുന്ന രൂപമാണ് മളളിയൂരെ ദിവ്യകാഴ്ച. ഇതുപോലെ ഇവിടെയല്ലാതെ മറ്റൊരിടത്തും ദര്‍ശിക്കാനായെന്ന് വരില്ല. മഹാപണ്ഡിതനും ഋഷിതുല്യനുമായ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മം കൊണ്ട് അനുഗൃഹീതമായതാണ് മള്ളിയൂര്‍.
പുല്‍പ്പള്ളി സീതാദേവീ ക്ഷേത്രം
ലോകാപവാദത്തെത്തുടര്‍ന്ന് ശ്രീരാമന്‍ ഗര്‍ഭിണിയായ പത്നി സീതാദേവിയെ കാട്ടിലുപേക്ഷിച്ചപ്പോള്‍ ദേവി പുല്‍പ്പള്ളിയില്‍ എത്തിയെന്നും അവിടുത്തെ വാത്മീകി ആശ്രമം ദേവിക്ക് അഭയമരുളിയെന്നും ഐതിഹ്യം. ദേവി ലവകുശന്മാര്‍ക്ക് ജന്മം നല്‍കിയതിവിടെയെന്നും പുരാണത്തിലുണ്ട്.
ശ്രീരാമന്‍ ദ്വിഗ്‌വിജയത്തിനയച്ച അശ്വത്തെ സീതാദേവിയുടെ ആശീര്‍വാദത്തോടെ ലവകുശന്മാര്‍ ബന്ധിച്ചു. അശ്വമോചനത്തിനെത്തിയ ശ്രീരാമ ചക്രവര്‍ത്തിയെ കാണാനിടയായ സീതാമാതാവ് തത്ക്ഷണം ഭൂമിദേവിയില്‍ വിലയം പ്രാപിക്കാന്‍ തുനിഞ്ഞ മാതാവിനെ തടയാനായി തിരുമുടിയില്‍ ശ്രീരാമന്‍ പിടുത്തമിട്ടെന്നും തത്ലക്ഷണം മുടിയറ്റുപോയെന്നും ഭാഷ്യം. മുടിയറ്റുപോയ അമ്മയുടെ സങ്കല്‍പ്പമായി ചേടാറ്റിലമ്മ ഇവിടെ വിരാജിക്കുന്നുവെന്നാണ് പഴമക്കാരുടെ വിശ്വാസം. സീതാദേവിയോടൊപ്പം മക്കളായ ലവകുശന്മാരുടെ മുനികുമാരന്മാരുടെ (മുരിക്കന്മാര്‍) സങ്കല്‍പ്പവും അടുത്തുകാണാം.
പഴശ്ശിത്തമ്പുരാന്റെ കാലത്താണ് ഇപ്പോഴത്തെ സീതാദേവീ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. പുല്‍പ്പള്ളി ക്ഷേത്ര ഭരണം അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായിരുന്ന കുപ്പത്തോട് നായര്‍ തറവാട്ടുകാര്‍ക്ക് പിന്നീട് കൈമാറിക്കിട്ടി. സീതദേവിയെ മക്കളായ ലവകുശന്മാരോടൊപ്പം പ്രതിഷ്ഠിക്കപ്പട്ടിട്ടുള്ളത് പുല്‍പ്പള്ളിയിലും കുപ്പത്തോട് നായര്‍ തറവാടിന്റെ ഊരാണ്മയിലുള്ള മീനങ്ങാടിക്കടുത്ത കുപ്പത്തോട് ക്ഷേത്രങ്ങളിലുമാണ്.
പുല്‍പ്പള്ളി മാവിലാംതോട്ടില്‍ വീരമൃത്യു വരിച്ച പഴശ്ശി തമ്പുരാന്റെ സ്വര്‍ണ്ണവാളടക്കമുള്ള അമൂല്യ വസ്തുക്കള്‍ നിക്ഷേപിക്കപ്പെട്ടത് ക്ഷേത്രത്തിനടുത്ത കൈതക്കാട്ടിലായിരുന്നു.
ഉപസ്ഥാനങ്ങളില്‍ പ്രധാനം വാത്മീകി ആശ്രമത്തിനാണ്. ആദികവി ഇവിടെ രാമായണ രചന നടത്തിയെന്നും സീതാമാതാവിനെ സംരക്ഷിച്ചുവെന്നും ഐതിഹ്യം. വര്‍ഷംതോറും ദര്‍ഭപ്പുല്ല് പുതച്ച് ആശ്രമം സംരക്ഷിച്ചുവരുന്നു. ഇവിടെയുള്ള മന്ദാരവൃക്ഷത്തില്‍ നിത്യവും വിരിയുന്ന രണ്ട് പൂക്കള്‍ ദേവിയുടെ ഇരുമക്കളെ അനുസ്മരിപ്പിക്കുന്നു. തൊട്ടുതാഴെയുള്ള ആശ്രമക്കൊല്ലിയുടെ പാറപ്പുറത്തിരുന്നാണ് ആദികവി തപസനുഷ്ഠിച്ചത്.
ദേവി മക്കളുടെ സുരക്ഷക്കായി തപോഭൂമിയില്‍ നിന്നും അട്ടകളെയും ക്ഷുദ്രജീവികളെയും അകറ്റിയിരുന്നു. ഒരുകാലത്തും ഇവിടെ അട്ടകള്‍ ഉണ്ടായിരുന്നില്ല എന്നതും കൗതുകകരം തന്നെ. ദര്‍ഭ വിരിച്ച മെത്ത എന്ന അര്‍ത്ഥത്തിലാണ് പുല്‍പ്പള്ളിയുടെ നാമധേയം
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. രാവിലെ സരസ്വതീ ദേവിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകുന്നേരം ദുര്‍ഗയായുമാണ് ആരാധിക്കുന്നത്. ഉത്സവത്തിലെ മകംതൊഴലാണ് വിശേഷം. വില്വമംഗലത്ത് സ്വാമിയാര്‍ ദേവിയെ സര്‍വാഭരണവിഭൂഷിതയായി ദര്‍ശിച്ച ചരിത്രം ലോകപ്രശസ്തമാണ്. വനാന്തരത്തിലെ ക്ഷേത്രം ചൈതന്യവത്തായതിനു പിന്നില്‍ ചെമ്മങ്ങാട് നരസിംഹന്‍ ഭട്ടതിരിയുടെ സേവയാലാണ്.
സരസ്വതിയായും, കാളിയായും, ദുര്‍ഗ്ഗയായും അറിയപ്പെടുന്ന ചോറ്റാനിക്കര അമ്മയുടെ ദര്‍ശനത്തിന് മകം നാളിലാണ് ഭക്തര്‍ തിരഞ്ഞെടുക്കാറ്. സര്‍വാഭരണ വിഭൂഷിതയായ ദേവി മനസ്സിനു സാന്ത്വനമേകുന്ന അഭയ വരദയാണ്.
തിരുനാവായ നാവാ മുകുന്ദക്ഷേത്രം
മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദന്‍ എന്നപേരില്‍ ഈ ക്ഷേത്രേശന്‍ അറിയപ്പെടുന്നു. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തില്‍ കുടികൊള്ളുന്നു. 'തിരുനവയോഗി' എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് 'തിരുനാവായ' എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം.
ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകള്‍ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകള്‍ അപൂര്‍വ്വമത്രേ.
ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാന്‍ സാധി്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട്. അത്യപൂര്‍വമായ ഒരു ശിലയില്‍ തീര്‍ത്ത വിഗ്രഹമാണ്. എന്നാല്‍ ഇപ്പോള്‍ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. ചതുര്‍ബാഹുവായ ഭഗവാന്‍ ശംഖചക്രഗദാപദ്മങ്ങള്‍ ധരിച്ചിരിയ്ക്കുന്നു.
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം
കര്‍ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂര്‍ എന്ന സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവീ ക്ഷേത്രമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ചു പല സങ്കല്‍പ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്. കോല മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തില്‍ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തില്‍ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സില്‍ സന്തുഷ്ടനയി മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ അസുരനെ പാര്‍വതി ദേവി മൂകനാക്കി. അങ്ങനെ ആ അസുരന് മൂകാസുരന്‍ എന്ന പേരുകിട്ടി. ഇതില്‍ കോപിഷ്ടനയ മൂകാസുരന്‍ ദേവി ഭക്തനായ കോല മഹര്‍ഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവില്‍ ദേവി മൂകാസുരനെ വധിക്കുകയും കോല മഹര്‍ഷിയുടെ അഭ്യര്‍ത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാണു സങ്കല്‍പം
ആദിശങ്കരന്‍ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടര്‍ന്നു വരുന്നത്. നടുവില്‍ ഒരു സ്വര്‍ണ രേഖ ഉള്ള സ്വയംഭൂലിംഗമാണു ഇവിടുത്തെ പ്രതിഷ്ഠ എന്നു വിശ്വസിക്കപ്പെടുന്നു.
സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖചക്രവരദാഭയങ്ങള്‍ ധരിച്ച ഇരിക്കുന്ന രൂപത്തിലുള്ള ചതുര്‍ബാഹുവായ ദേവീ വിഗ്രഹവും കാണപ്പെടുന്നു. പഞ്ചലോഹനിര്‍മിതമാണ് ഈ വിഗ്രഹം. കിഴക്കോട്ടാണ് ദര്‍ശനം. ദേവി വിഗ്രഹത്തിന്റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന രത്‌നം വളരെ വിലപ്പെട്ടതും പ്രസിദ്ധവുമാണ്. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയാണു പ്രധാന അലങ്കാരങ്ങള്‍.
കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. സുപര്‍ണന്‍ എന്നു പേരായ ഗരുഡന്‍ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്‍ത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം. ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ 'ഗരുഡ ഗുഹ' എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്‌നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.
0 Comments