Ticker

6/recent/ticker-posts

Temple art 1



കാവടി തുള്ളൽ 


ഇതിനു ചില സ്ഥലങ്ങളില്‍ സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും പറയാറുണ്ട്‌. കാവടിക്കാര്‍ നിശ്ചിതമായ വേഷവിധാനത്തോടുകൂടി ദേഹമാസകലം ഭസ്മം പൂശി, കാവടിയെടുത്ത്‌ തോളില്‍വച്ച്‌ വായില്‍ ശൂലം കുത്തിക്കോര്‍ത്ത്‌ വാദ്യത്തിനനുസരിച്ച്‌ ചുവടുവച്ചുകൊണ്ട്‌ ക്ഷേത്രത്തിലേക്കു പോകുന്നു. ഉടുക്കും ചെണ്ടയും നാദസ്വരവുമാണ്‌ ഇതിനു താളമായി ഉപയോഗിക്കുന്നത്‌.


ശാസ്താംപാട്ട് 


‌ശബരിമലയ്ക്കു പോകാന്‍ ആദ്യമായി വ്രതമെടുക്കുന്ന ആള്‍ മലയ്ക്കു പുറപ്പെടുന്നതിനു മുമ്പായി കഴിക്കുന്ന ഒരു ചടങ്ങാണിത്‌. കെട്ടു നിറയ്ക്കുന്ന ദിവസം നിശ്ചയിച്ചാല്‍ അന്നുച്ചയ്ക്ക്‌ മറ്റയ്യപ്പഭക്തന്മാരെല്ലാം അവിടെ എത്തിച്ചേരും. പന്തലില്‍ മൂന്നോ അഞ്ചോ ശ്രീകോവിലുകള്‍ വാഴപ്പോളകൊണ്ട്‌ ഉണ്ടാക്കി അഷ്ടമംഗല്യം, നിലവിളക്ക്‌ മുതലായ മംഗളസാധനങ്ങള്‍ യഥാസ്ഥാനത്തു വയ്ക്കും. സന്ധ്യകര്‍മ്മങ്ങള്‍ കഴിഞ്ഞു മാളികപ്പുറത്തമ്മ, ഭഗവാന്‍, അയ്യപ്പന്‍ എന്നിവരെ ആവാഹിച്ചിരുത്തി പൂജയും ദീപാരാധനയും നടത്തുന്നു. ഈ സമയത്ത്‌ അയ്യപ്പന്റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്ന പാട്ടുകള്‍ പാടുകയും ചിലര്‍ കലികൊണ്ടു തുള്ളുകയും ചെയ്യും. പല ജാതി വാദ്യങ്ങള്‍ സ്ഥലഭേദമനുസരിച്ച്‌ ശാസ്താംപാട്ടുകള്‍ക്ക്‌ ഉപയോഗിച്ചു വരുന്നു.


പാമ്പും തുള്ളല്‍


നായര്‍ തറവാടുകളില്‍ സര്‍പ്പ പ്രീതിക്കായി ആചരിച്ചുവരുന്ന ഒരു നേര്‍ച്ചയാണിത്‌. പുള്ളോനാണിതിലെ കര്‍മ്മി. മുറ്റത്തു പന്തലില്‍ ചാണകം കൊണ്ടു മെഴുകി ശുദ്ധമാക്കിയിട്ട്‌ അവര്‍ ഒരു കളമുണ്ടാക്കുന്നു. അതു ഭംഗിയായി വിതാനിച്ച്‌ കുരുത്തോലകളും തൂക്കുവിളക്കുകളും തൂക്കിയതിനുശേഷം ഇണക്കൂട്ടി പത്തിവിടര്‍ത്തി നില്‍ക്കുന്ന ഒരു സര്‍പ്പത്തിന്റെ മനോഹരരൂപം അവന്‍ വരയ്ക്കുന്നു. ഈ സമയം സര്‍പ്പപ്പാട്ടുകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. സന്ധ്യയ്ക്കു ശേഷം പുള്ളോന്‍ പ്രധാനി സര്‍പ്പത്താനെ ആവാഹിച്ചിരുത്തി ദീപാരാധനയും പൂജയും കഴിക്കും. അതുകഴിഞ്ഞാലുടനെ

 കുടുംബത്തിലെ വിവാഹിതയും അവിവാഹിതയുമായ രണ്ടു സ്ത്രീകള്‍ പ്രത്യേകവേഷങ്ങള്‍ ധരിച്ച്‌ കൂപ്പുകൈയ്യാല്‍ ചൊട്ടപിടിച്ച്‌ സര്‍പ്പത്തിനെ വന്ദിച്ചിട്ട്‌ കളത്തിനടുത്തിരിക്കുന്ന തൂശനിലയില്‍ ഇരിക്കുന്നു. പുള്ളോന്മാരുടെ ഗീതവാദ്യങ്ങള്‍ ഉച്ചത്തിലാകുമ്പോള്‍ അവര്‍ക്ക്‌ കലിതുള്ളുകയും സര്‍പ്പത്തെപ്പോലെ ആടാന്‍ തുടങ്ങുകയും ചെയ്യുന്നു. എതാനും നേരത്തിനകംകൊണ്ട്‌ കളം മുഴുവന്‍ മായ്ക്കുകയും ചൊട്ടപാമ്പും കോവിലില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇതു ചിലപ്പോള്‍ ആറോ ഏഴോ ദിവസങ്ങള്‍ തുടന്നു നടത്താറുണ്ട്‌.ഇവ കൂടാതെ മതപരമായി പ്രാധാന്യം അര്‍ഹിക്കുന്ന പല ദൃശ്യകലകളും ആരാധനാരൂപത്തില്‍ നാം ഉപയോഗിച്ചുവരുന്നുണ്ട്‌. പ്രാദേശികങ്ങളായ പലതിനേയും പറ്റി വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടില്ല.ആധുനിക ദൃശ്യകലകള്‍ സംസ്കൃതത്തിന്റെ പ്രേരണയില്‍ നിന്നും ഉടലെടുത്തതും പരിഷ്കരിക്കപ്പെട്ടതുമായ ദൃശ്യകലകളെയാണ്‌ ആധുനികം എന്ന സംജ്ഞകൊണ്ട്‌ ഇവിടെ വ്യവഹരിക്കുന്നത്‌

പാഠകം 


മലയാളവും സംസ്കൃതവും കൂടിചേര്‍ന്ന ഭാഷാസങ്കരമായ ഒരു വിനോദമാണ്‌ പാഠകം. പ്രബന്ധം കൂത്തിനോട്‌ ഇതിനു പലവിധത്തിലും സാമ്യമുണ്ട്‌. ഏതെങ്കിലും സംഭവത്തെ നാടകീയമായ രീതിയില്‍ അവതരിപ്പിക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. വിവരണം, ആഖ്യാനം എന്നിവ മുഴുവന്‍ തനി മലയാളത്തിലും ശ്ലോകങ്ങള്‍ സംസ്കൃതത്തിലുമായിരിക്കും. രംഗവിധാനമോ വാദിത്രാദികളോ ഇതിനാവശ്യമില്ല. കളിക്കാരന്റെ മുമ്പില്‍ ഒരു വലിയ നിലവിളക്കു കൊളുത്തിവച്ചിരിക്കും. തലയില്‍ ഒരു കിരീടമോ, അല്ലെങ്കില്‍ ഏതെങ്കിലും നിറത്തിലുള്ള തുണികൊണ്ട്‌ തലയില്‍ ഒരു കെട്ടോ കളിക്കാരനു കാണും. ഏതാനും ചില മാലകളും ധരിച്ചു എന്നും വരാം. സമയമാകുമ്പോള്‍ അയാള്‍ രംഗത്തുവന്നു പതിഞ്ഞ സ്വരത്തില്‍ മംഗളം പറഞ്ഞ്‌ ഗദ്യമാരംഭിക്കും. കഥയുടെ ഉദ്ദേശമാണ്‌ ഇവിടെ കളിക്കാരന്‍ വിവരിക്കുന്നത്‌. അതുകഴിഞ്ഞ്‌ കാണികളെ കഥയുമായി പരിചയപ്പെടുത്തിയിട്ട്‌ കഥയിലേക്കു പ്രവേശിക്കും. സംസ്കൃതത്തില്‍ കഥ പറഞ്ഞ്‌ മലയാളത്തില്‍ വ്യഖ്യാനിക്കുന്നതിനിടയില്‍ കുറേ ചിരിക്കാനും വക കാണും.


കൂത്ത്


‌അമ്പലങ്ങളില്‍ മാത്രം അഭിനയിച്ചുവരുന്ന ഒരു ദൃശ്യകലയാണ്‌ കൂത്ത്‌. എല്ലാ പ്രധാന അമ്പലങ്ങളിലും കൂത്തമ്പലം എന്നപേരില്‍ കൂത്ത്‌ നടത്തുന്നതിനുവേണ്ടി ഒരു പ്രത്യേക കളിസ്ഥലം തയ്യാറാക്കിയിട്ടുണ്ടാവും. ഇതില്ലാത്ത സ്ഥലങ്ങളില്‍ ഭോജനശാലയിലോ വലിയമ്പലത്തിലോ വച്ചാണ്‌ കൂത്തു നടത്തുന്നത്‌. കുലശേഖരവര്‍മ്മന്‍ എന്നൊരു പെരുമാള്‍ കൂത്തില്‍ പല പരിഷ്ക്കാരങ്ങളും വരുത്തിയതായി കാണുന്നു. അദ്ദേഹത്തിനുശേഷം ഭാസ്ക്കര രവിവര്‍മ്മ പെരുമാളും തോലകവിയും കൂടി മറ്റു ചില പരിഷ്ക്കാരങ്ങളും വരുത്തുകയുണ്ടായി. അങ്ങനെയാണ്‌ ഇന്നു നാം കാണുന്ന കൂത്ത്‌ രൂപം പ്രാപിച്ചത്‌. ഇതു സംസ്കൃതത്തിന്റെ പ്രേരണയാല്‍ രൂപം മാറിയ ഒരു ദ്രാവിഡകലയാണെന്നു പണ്ഡിതന്മാര്‍ പറയുന്നു. ചാക്യന്മാരാണ്‌ കൂത്തിന്റെ പ്രണേതാക്കള്‍.കൂത്തിന്‌, പ്രബന്ധംകൂത്ത്‌, നങ്ങ്യാര്‍കൂത്ത്‌, കൂടിയാട്ടം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്‌. ഇതില്‍ ആദ്യത്തേത്‌ കേവലാഖ്യാനവും രണ്ടാമത്തേത്‌ ശുദ്ധഅഭിനയവും മൂന്നാമത്തേത്‌ യഥാര്‍ഥമായ രംഗപ്രയോഗവുമാണ്‌. പ്രബന്ധം കൂത്തിലും കൂടിയാട്ടത്തിലും ചാക്യാരും നമ്പ്യാരും രംഗത്തില്‍ വരുമെങ്കിലും നങ്ങ്യാര്‍കൂത്തില്‍ ചാക്യാര്‍ക്കു വരേണ്ടതില്ല.പ്രബന്ധം കൂത്തില്‍ മിഴാവുകൊട്ടുന്ന ജോലിയാണ്‌ നങ്ങ്യാര്‍ക്ക്‌. നങ്ങ്യാര്‍ ഈ അവസരത്തില്‍ കുഴിത്താളം കൊട്ടിക്കൊള്ളും. നടനത്തേക്കാളേറെ രസകരമായ ഉപമാനങ്ങള്‍ ചേര്‍ത്ത്‌ കഥ പറയുന്നതിലാണ്‌ ഈ രംഗത്ത്ി‍ന്റെ വിജയം സ്ഥിതിചെയ്യുന്നത്‌. നമ്പ്യാര്‍ കൂത്തില്‍ മേളക്കൊഴുപ്പുകൊണ്ട്‌ അനുകൂലമായ അന്തരിക്ഷത്തില്‍ നങ്ങ്യാര്‍ അഭിനയിക്കുകയാണ്‌. മിഴാവും ഇലത്താളവുമാണ്‌ ഈ രംഗത്തില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍. മൂന്നാമത്തെ ഭാഗമായ കൂടിയാട്ടം അഞ്ചോ ആറോ ദിവസങ്ങള്‍കൊണ്ടാണ്‌ തീരുന്നത്‌. ഒരോ ദിവസത്തെയും പ്രത്യേക ചടങ്ങുകള്‍ വിസ്താരഭയത്താല്‍ ഇവിടെ ചേര്‍ക്കുന്നില്ല. പഴയ സംസ്കൃതനാടകങ്ങളുടെ സാങ്കേതികരീതിയാണ്‌ പൊതുവെ കൂടിയാട്ടത്തിനുള്ളത്‌. വിവിധ വേഷങ്ങള്‍ അണിഞ്ഞാണ്‌ നടന്മാര്‍ രംഗത്തുവരുന്നത്‌

തുള്ളൽ 


അമ്പലപ്പുഴ ക്ഷേത്രത്തില്‍ വച്ച്‌ ചാക്യാര്‍കൂത്തിനു മിഴാവുകൊട്ടിക്കൊണ്ടിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ ഇടയ്ക്ക്‌ ഉറങ്ങിപ്പോയതുകൊണ്ട്‌ ചാക്യാര്‍ അദ്ദേഹത്തെ കണക്കിനു കളിയാക്കി. അതിനു പകരം വീട്ടുവാന്‍ വേണ്ടി ഒരു രാത്രികൊണ്ട്‌ കല്യാണസൗഗന്ധികം കഥ തുള്ളലായി എഴുതി പിറ്റേന്നു ക്ഷേത്രത്തില്‍ അഭിനയിച്ച്‌ ചാക്യാരെ ചെണ്ടകൊട്ടിച്ചെന്നാണ്‌ ഐതിഹ്യം. ഇതിന്റെ വാസ്തവികതയെ പലരും സംശയിക്കുന്നുണ്ടെങ്കിലും കുഞ്ചന്‍ നമ്പ്യാരാണ്‌ തുള്ളല്‍ പ്രസ്ഥാത്തിന്റെ ഉപജ്ഞാതാവ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അരയ്ക്കു ചുറ്റും വീതി കുറഞ്ഞ വേഷ്ടനങ്ങള്‍ ധരിച്ച്‌ മനയോല കൊണ്ടു മുഖം നിറപ്പെടുത്തി, കണ്ണുകള്‍ ചുണ്ടപ്പൂവുകൊണ്ട്‌ ചുവപ്പിച്ച്‌ തലയില്‍ കിരീടവും ധരിച്ച്‌, കൈകളില്‍ ഈരണ്ടു ബന്ധങ്ങളുമണിഞ്ഞാണ്‌ തുള്ളല്‍ക്കാരന്റെ പുറപ്പാട്‌. മദ്ദളവും കുഴിത്താളവും ആണ്‌ വാദ്യങ്ങള്‍. കൂത്തിന്റെയും പാഠകത്തിന്റെയും സംയോജനമാണിതെന്നു പറയപ്പെടുന്നു. അവയില്‍നിന്നെല്ലാം ഇതിനുള്ള വ്യത്യാസം പാട്ടും ആട്ടവും ആംഗ്യവും അഭിനയവും തുള്ളല്‍ക്കാരന്‍ തന്നെ നിര്‍വഹിക്കണമെന്നുള്ളതാണ്‌.

കൃഷ്ണാട്ടം



ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയില്‍നിന്നും ഉടലെടുത്ത ഒരു വിനോദമാണിത്‌. പതിനേഴാം ശതകത്തിന്റെ മധ്യഘട്ടത്തില്‍ കോഴിക്കോട്ടു വാണിരുന്ന മാനവേദന്‍ എന്ന ഒരു സാമൂതിരിയാണ്‌ കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്‌. നൃത്തത്തിന്‌ പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു മൂകാഭിനയമാണിതെന്നു പറഞ്ഞാല്‍ തെറ്റില്ല. മദ്ദളവും ഇലത്താളവും ചേങ്ങലയുമാണ്‌ ഉപയോഗിക്കുന്ന വാദ്യങ്ങള്‍. സാധാരണയായി ഒമ്പതു ദിവസങ്ങള്‍ കൊണ്ട്‌ കൃഷ്ണാവതാരകഥ മുഴുവന്‍ അഭിനയിച്ചുതീര്‍ക്കും

രാമനാട്ടം



കൃഷ്ണനാട്ടത്തിനു പെട്ടെന്നുണ്ടായ പ്രചാരം ഒരു കൊട്ടാരക്കര തമ്പുരാനെ ആകര്‍ഷിച്ചു. അദ്ദേഹം സാമൂതിരിയോട്‌ ഒരു സംഘം കളിക്കാരെ അയച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു. സാമൂതിരി ആ അപേക്ഷ അംഗീകരിച്ചില്ലെന്നുമാത്രമല്ല തെക്കര്‍ക്ക്‌ കൃഷ്ണനാട്ടത്തില്‍ രസിക്കുവാന്‍ കഴിയുകയില്ലെന്നുഅധിക്ഷേപിക്കുകകൂടി ചെയ്തു. ആ വാശിക്ക്‌ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയതാണ്‌ രാമനാട്ടം എന്നാണ്‌ ഐതിഹ്യം. ദശരഥന്റെ പുത്രകാമേഷ്ടി തൊട്ട്‌ ലങ്കാനിരോധം വരെയുളള രാമായണകഥയെ ഉപജീവിച്ചാണ്‌ അദ്ദേഹം രാമനാട്ടം നിര്‍മ്മിച്ചത്‌. എട്ടുദിവസത്തേക്ക്‌ ആടിക്കളിക്കത്തക്കവിധത്തിലായിരുന്നു ഇതിന്റെ സംവിധാനം.

കഥകളി



രാമനാട്ടമാണ്‌ പിന്നീട്‌ കഥകളിയായി പരിണമിച്ചത്‌ എന്നു പറയാറുണ്ട്‌. പണ്ഡിന്മാരില്‍ പലരും ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. കൃഷ്ണനാട്ടവും രാമനാട്ടവും കഥകളിയ്ക്കുപയോഗിച്ചിരുന്ന രണ്ടു കഥകള്‍ മാത്രമാണെന്നും പുരാതനമായ ഏതോ ദ്രാവിഡകലയുടെ പരിണാമമാണ്‌ കഥകളിയെന്നും അവര്‍ പറയുന്നു. ഏതായാലും വളരെ അപരിഷ്കൃതമായ രീതിയിലാണ്‌ രാമനാട്ടം നടത്തിവരുന്നത്‌. കമുകിന്‍ പാള കൊണ്ടുള്ള കിരീടവും മദ്ദളവും മാത്രമേ ആദ്യകാലത്ത്‌ ഈ കളിക്ക്്്‌ ഉപയോഗിച്ചിരുന്നുള്ളു. പിന്നീട്‌ ഇതിനു പല പരിഷ്ക്കാരങ്ങളുമുണ്ടായി. മുഖത്തു മനയോല കിരീടം, കുപ്പായം, ശിങ്കിടി മുതലായവ നടപ്പാക്കിയത്‌ വെട്ടത്തുനാട്ടുരാജാവാണ്‌. അതിനുശേഷം കപ്ലിങ്ങാടന്‍, കല്ലടിക്കോടന്‍ എന്നീ നമ്പൂതിരിമാര്‍ ചില പരിഷ്ക്കാരങ്ങള്‍ കൂടി വരുത്തി കുപ്പായത്തിനു വ്യത്യാസം വരുത്തിയതും തലമുടി, കച്ച തുടങ്ങിയവ നടപ്പിലാക്കിയതും ഇവരാണ്‌. അരിമാവുകൊണ്ടുള്ള ചുട്ടി, അസുരാംശജന്മാര്‍ക്കു പ്രത്യേകം വേഷം, കലാശം കൈ ഇവയില്‍ വ്യത്യാസം തുടങ്ങിയവയും കപ്ലിങ്ങാടന്‍- കല്ലടിക്കോടന്‍ പരിഷ്ക്കാരങ്ങളില്‍ പെടും.പച്ച, കത്തി, താടി, കരി എന്നിങ്ങനെ നാലു വേഷങ്ങളാണ്‌ കഥകളിക്കുള്ളത്‌. പച്ച രാജക്കന്മാരെയും, കത്തി ദൈത്യന്മാരെയും, താടി രാക്ഷസന്മാരെയും, കരി താപസാദികളെയും സൂചപ്പിക്കുന്നു. ശൃംഗാരം, വീരം, രൗദ്രം, കരുണം എന്നീ രസങ്ങളാണ്‌ യഥാക്രമം ഈ നാലു വേഷത്തിനും പ്രധാനമായി അഭിനയിക്കാനുള്ളത്‌. കേളി, ശുദ്ധമദ്ദളം, തോടയം, വന്ദനശ്ലോകം, പുറപ്പാട്‌, മേളപ്പദം, അഭിനയം എന്നിങ്ങനെ കഥകളിക്ക്‌ പല പ്രധാന ചടങ്ങുകളായി വിഭജിച്ചിരിക്കുന്നു.

 ചെണ്ട, മദ്ദളം, ചേങ്ങല, കയ്മണി തുടങ്ങിയ വാദ്യങ്ങള്‍ എല്ലാ രംഗത്തിലും ഉപയോഗിക്കുന്നു. കോട്ടയത്തുതമ്പുരാന്‍, കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മരാജ, ഉണ്ണായിവാര്യര്‍, അശ്വതിതിരുനാള്‍ തമ്പുരാന്‍, ഇരയിമ്മന്‍ തമ്പി, വീരകേരള വര്‍മ്മ തുടങ്ങി പലരും കഥകളി കൃതികള്‍ എഴുതിയിട്ടുണ്ട്‌. ആധുനികകാലത്ത്‌ കഥകളിക്ക്‌ ലോകപ്രസിദ്ധി ലഭിച്ചിട്ടുണ്ട്‌. അതിന്റെ പ്രധാന കാരണക്കാരന്‍ മഹാകവി വള്ളത്തോള്‍ നാരായണമേനോനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന കേരള കലാമണ്ഡലവുമാണ്‌.





















Post a Comment

0 Comments